22/12/2021
മതപരിവർത്തന നിരോധന ബില്ലിനെതിരെ കർണാടക നിയമസഭയിൽ ശക്തമായ പ്രതിഷേധം. PLR.
ബംഗളൂരു: അതിരൂക്ഷമായ എതിർപ്പുകൾക്കും വാദപ്രതിവാദങ്ങൾക്കും ഇടം നൽകിയ മതപരിവർത്തന നിരോധന ബില്ലിനെതിരെ കർണാടക നിയമസഭയിൽ ശക്തമായ പ്രതിഷേധം അരങ്ങേറി. കർണാടക നിയമസഭയിലെ പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങളാണ് ബില്ലിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി കെ ശിവകുമാർ നിയമസഭയിൽ ബില്ലിന്റെ കോപ്പി കീറിയെറിഞ്ഞു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യയും ബില്ലിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പ്രഖ്യാപിച്ചു.
നിർബന്ധമായോ സമ്മർദ്ദം, പ്രലോഭനം എന്നിവയിലൂടെയോ മതപരിവർത്തനം നടത്തിയാൽ ശിക്ഷ ഉറപ്പാക്കുന്നതാണ് ബില്ല്. എന്നാൽ ബില്ല് നിയമമായാൽ പ്രതിലോമശക്തികൾ മതന്യൂനപക്ഷങ്ങൾക്കെതിരെ തിരിയും എന്ന ആശങ്കയിലാണ് കർണാടകയിലെ ക്രൈസ്തവ സമുദായം. ഇപ്പോൾത്തന്നെ വർഗീയശക്തികൾ ക്രൈസ്തവരുടെ പ്രാർത്ഥനാ സ്ഥലങ്ങളിലും, ആരാധനാലയങ്ങളിലും, സമ്മേളന സ്ഥലങ്ങളിലും ബലമായി കയറുകയും മതപരിവർത്തനം നടക്കുന്നുണ്ടോ എന്ന് അന്വേഷിക്കാൻ എന്നപേരിൽ അതിക്രമങ്ങൾ കാണിക്കുകയും ചെയ്യുന്ന രീതി പതിവായിരിക്കുന്നു. മതപരിവർത്തന നിരോധന ബില്ല് പാസ്സാക്കുന്നതോടെ ന്യൂനപക്ഷങ്ങളെ മനപ്പൂർവ്വം ആക്രമിക്കാനും കേസിൽ കുടുക്കാനും വർഗീയശക്തികൾ ശ്രമിക്കുമെന്ന ആശങ്കയാണ് ക്രൈസ്തവ സമുദായത്തിന് ഉള്ളത്.
ബില്ലിൽ പറയുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാൽ മൂന്നു മുതൽ അഞ്ചു വർഷം വരെ തടവും 25,000 രൂപ പിഴയും വിധിയ്ക്കും. ഇത് സ്ത്രീകൾ, കുട്ടികൾ, പട്ടികവർഗ്ഗ വിഭാഗക്കാർ എന്നിവർക്കെതിരെ ആണെങ്കിൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും വിധിക്കാനും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനിൽ വ്യാജ മതനിന്ദാ കുറ്റം ചുമത്തി നിരപരാധികളായ ക്രൈസ്തവരെ വർഷങ്ങളോളം ജയിലിൽ അടയ്ക്കുന്നത് പോലെ മതപരിവർത്തന നിരോധന ബില്ലിന്റെ മറവിൽ ക്രൈസ്തവ സമൂഹത്തിനെതിരെ വർഗീയശക്തികൾ തിരിയാനുള്ള എല്ലാ സാധ്യതയും നിലനിൽക്കുകയാണ്. അതുതന്നെയാണ് ക്രൈസ്തവ സമുദായത്തിന്റെ ആശങ്കയും.
റെജി അറയ്‌ക്കൽ
PLR അഖിലേന്ത്യാ ജനറൽ കോ- ഓർഡിനേറ്റർ.