04/07/2026
വിശ്വസിക്കാൻ കഴിയുന്നില്ല...
പ്രിയ സഹോദരനും ആത്മസുഹൃത്തുമായ നാസർ കല്ലിടുംബിലിന്റെ അകാല വിയോഗവാർത്ത അത്യന്തം ഞെട്ടലോടെയും ഹൃദയവേദനയോടെയുമാണ് അറിഞ്ഞത്.
2004-ൽ ജിദ്ദയിൽ വലിയോറ സൗഹൃദവേദി രൂപീകരിച്ച കാലം മുതലുള്ള ആത്മബന്ധമാണ് നാസറുമായുണ്ടായിരുന്നത്. ജിദ്ദയിലെ അൽ സാമർ പ്രദേശത്തുള്ള ഐസ്‌ക്രീം കമ്പനിയിൽ ആയിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലി സ്ഥലവും താമസസ്ഥലവും തമ്മിലുള്ള ദൂരം കാരണം ഇടയ്ക്കിടെ നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, മനസ്സുകൾ എന്നും അടുത്തുതന്നെയായിരുന്നു. സുഹൃത്ത് മോയൻ കുഞ്ഞാവ, മേക്കമണ്ണിൽ കുഞ്ഞിപ്പ എന്നിവരിലൂടെയാണ് നാസർ സൗഹൃദവേദിയുമായി കൂടുതൽ അടുത്തത്. എനിക്കും അദ്ദേഹത്തെ അടുത്തറിയാൻ കഴിഞ്ഞത് സൗഹൃദവേദിയിലൂടെയായിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ വിയോഗവാർത്ത വിളിച്ചറിയിച്ചതും മോയൻ കുഞ്ഞാവ തന്നെയായിരുന്നു. ആ വാർത്ത കേട്ട നിമിഷം മുതൽ മനസ്സ് വല്ലാതെ വിങ്ങുകയാണ്.
സൗഹൃദവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അഞ്ഞൂറിലധികം പേർ പങ്കെടുത്ത ആദ്യ നോമ്പുതുറ ഇന്നും ഓർമ്മയിൽ തെളിഞ്ഞുനിൽക്കുന്നു. ഇരുമ്പൻ ആലിയും വി.പി. കുഞ്ഞിക്കോയയും ജോലി ചെയ്തിരുന്ന മദ്രസയിൽ നടന്ന ആ പരിപാടിയിലേക്ക് നാസർ തന്റെ കമ്പനിയിൽ നിന്ന് വിവിധതരം ഐസ്‌ക്രീമുകൾ കൊണ്ടുവന്ന് എല്ലാവരുടെയും നോമ്പുതുറ കൂടുതൽ മധുരമുള്ളതാക്കി. പിന്നീട് നടന്ന എല്ലാ നോമ്പുതുറകളിലും അദ്ദേഹം ഐസ്‌ക്രീമുമായി എത്തുകയും, പരിപാടിയുടെ എല്ലാ പ്രവർത്തനങ്ങളിലും ആത്മാർത്ഥമായി പങ്കാളിയായി, പരിപാടി വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് മടങ്ങാറുണ്ടായിരുന്നത്.
സൗഹൃദവേദിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെല്ലാം നാസറിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഒരു പ്രവർത്തനം ഏറ്റെടുത്താൽ അതിൽ പൂർണ ആത്മാർത്ഥതയോടെ മുഴുകുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം.
ഞാൻ ജീവിതത്തിൽ പരിചയപ്പെട്ട വ്യക്തികളിൽ വളരെ അപൂർവമായി മാത്രം കാണാൻ കഴിയുന്ന മനുഷ്യരിൽ ഒരാളായിരുന്നു നാസർ. സൗമ്യത, എളിമ, സഹജീവികളോടുള്ള ആത്മാർത്ഥമായ സ്നേഹം, സാമ്പത്തിക കാര്യങ്ങളിലെ കൃത്യതയും വിശ്വാസ്യതയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ടതാക്കിയ ഗുണങ്ങളായിരുന്നു.
ഏകദേശം ആറുമാസം മുമ്പ് നാട്ടിൽ വന്നപ്പോൾ ഏറെ നേരം സംസാരിക്കാൻ കഴിഞ്ഞിരുന്നു. പൈൽസുമായി ബന്ധപ്പെട്ട ചെറിയൊരു ആരോഗ്യപ്രശ്നത്തെക്കുറിച്ച് പറഞ്ഞതല്ലാതെ മറ്റൊരു അസ്വസ്ഥതയും അദ്ദേഹം സൂചിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ അപ്രതീക്ഷിത വേർപാട് ഇന്നും ഉൾക്കൊള്ളാൻ പ്രയാസമാണ്.
നാസറിന്റെ അകാല വിയോഗം കുടുംബത്തിനും സുഹൃത്തുക്കൾക്കും വലിയോറ സൗഹൃദവേദിക്കും നികത്താനാകാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾ എന്നും നമ്മുടെ മനസ്സുകളിൽ ജീവിച്ചിരിക്കും.
സർവശക്തനായ അല്ലാഹു പ്രിയ നാസറിന്റെ എല്ലാ പാപങ്ങളും പൊറുത്ത് നൽകി വിശാലമായ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ. ഖബർ ജീവിതം നൂർ നിറഞ്ഞതാക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഈ വലിയ ദുഃഖം സഹിക്കാനുള്ള ക്ഷമയും ധൈര്യവും പ്രദാനം ചെയ്യട്ടെ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ആമീൻ യാ റബ്ബൽ ആലമീൻ.
നാസർ പൂക്കയിൽ
Nazer Pookayil